‘മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക’; നിയമന നിരോധനം ഉന്നയിച്ച് കുറ്റ്യാടിയില്‍ പ്രതിഷേധ ശയന പ്രദക്ഷിണവുമായി കെ.പി.എസ്.ടി.എ.യൂത്ത് ഫോറം


കുറ്റ്യാടി: ‘ഞങ്ങള്‍ക്കും ജീവിക്കണം ശബളമില്ല നിയമനമില്ല’ എന്ന മുദ്രാവാക്യവുമായി അധ്യാപകര്‍ തെരുവിലേക്ക്. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ട അധ്യാപകരാണ് കെ.പി.എസ്.ടി.എ യൂത്ത് ഫോറം കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക, സര്‍ക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടുകള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍ പ്രതീകാത്മക ശയന പ്രദക്ഷിണം നടത്തിയത്. സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് അഞ്ച് വര്‍ഷത്തില്‍ അധികമായിട്ടും നിയമനാംഗീകാരം ലഭിക്കാത്ത വിവിധ വിദ്യാലയങ്ങളിലെ നൂറ് കണക്കിന് അധ്യാപകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി.

ശയന പ്രദക്ഷിണ പ്രതിഷേധ സമരം കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം കണ്‍വീനര്‍ ജി.കെ.വരുണ്‍ കുമാര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ അഖില്‍ ഹരികൃഷ്ണന്‍, കെ.പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗം പി.വി ശ്രീജ, കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പി.കെ സുരേഷ്, വി.വിജേഷ്, പി.എം ഷിജിത്ത്, പി.ജമാല്‍, പി.സാജിദ്, മനോജ് കൈവേലി, പി.കെ ഷമീര്‍, നിധിന്‍ മുരളി, എസ്.എസ്.അമല്‍ കൃഷ്ണ, കെ.പി.ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.