കൂത്താളി സമരത്തിലെ വിപ്ലവ പോരാളി കെ എം കണ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം; ചരമവാര്‍ഷികത്തില്‍ കുടുംബ സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു


പേരാമ്പ്ര: കൂത്താളി സമരത്തിലെ വിപ്ലവ പോരാളി കെ എം കണ്ണന്‍ മാസ്റ്ററുടെ 8-ാം ചരമവാര്‍ഷികം വിപുലമായി ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പന്തിരിക്കരയില്‍ മെഡിക്കല്‍ ക്യാമ്പും പാര്‍ട്ടി കുടുംബ സംഗമവും സംഘടിപ്പിച്ചു.

രാവിലെ ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഉണ്ണി വേങ്ങേരി, പി എസ് പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു. ഏരിയ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി എം കുമാരന്‍ സ്വാഗതം പറഞ്ഞു.

ഓര്‍മ്മദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പന്തിരിക്കരയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം പി സി ലെനിന്‍ സ്വാഗതം പറഞ്ഞു.
ജനറല്‍ മെഡിസിന്‍, ഗൈനഗോളജി, ഇ എന്‍ ടി, ഡെന്റല്‍, നേത്ര രോഗം എന്നീ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് സേവനം ലഭിച്ചു.

ആവടുക്കയില്‍ നടന്ന പാര്‍ട്ടി കുടുംബ സംഗമം ടി.പി രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എം. കുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാകമ്മറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ദിനേശന്‍ മാസ്റ്റര്‍, എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എന്‍.പി ബാബു, ഉണ്ണി വേങ്ങേരി, എം വിശ്വന്‍ മാസ്റ്റര്‍ പി.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.