”പത്തുവര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ച് നിയമസഭയിലിരുന്നു, കോടിയേരിയുടെ വേര്‍പാട് എന്നെ സംബന്ധിച്ച് വ്യക്തിപരമായ നഷ്ടമാണ്” കോടിയേരിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പേരാമ്പ്ര മുന്‍ എം.എല്‍.എ കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍
സഖാവ് കോടിയേരിയുടെ വേര്‍പാട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കേരളത്തിലെ ജനകോടികളാകെ വളരെ വേദനയോടുകൂടിയാണ് ഓര്‍ക്കുന്നത്. കാരണം കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. ജനോപകാരപ്രദമായ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു.
അതുപോലെ ലോകത്തില്‍ എവിടെയായിരുന്നാലും മര്‍ദ്ദിത വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഭരണാധികാരികളുടെ വിലയ കടന്നാക്രമണത്തിന് ഇരയാവുന്നത്. അത്തരം കടന്നാക്രമണങ്ങള്‍ക്ക് വിധേയരാകുന്ന പാര്‍ട്ടിയെ നയിക്കാന്‍ നേതൃപരമായ പങ്ക് വഹിച്ചയാളാണ് കോടിയേരി. അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വേദനാജനകമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ ഏറെ പ്രയാസകരമായ കാര്യമാണ്.
പത്തുവര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ച് അസംബ്ലിയിലുണ്ടായി. ഒരുമിച്ചുള്ള പ്രവര്‍ത്തനവും അരികത്ത് നിന്ന് വളരെ സൂക്ഷ്മതയോടുകൂടി കണ്ട് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വലിയ നഷ്ടമാണ്. എന്റെ മകളുടെ കല്ല്യാണത്തിനും മകന്റെ കല്ല്യാണത്തിനും പറയാതെ വന്ന ആളാണ് കോടിയേരി. ആ തരത്തില്‍ വ്യക്തിപരമായിട്ടുള്ള ബന്ധവും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. കോടിയേരിയുടെ വേര്‍പാട് പുരോഗമന പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാജ്ഞകളര്‍പ്പിക്കുന്നു.