അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര ; നാട്ടുകാർ മുന്നറിയിപ്പുകൾ അവഗണിക്കുന്നെന്ന് അധികൃതർ
തൂണേരി: അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെ യാത്ര തുടരുന്നു. കഴിഞ്ഞ വർഷം ഈ തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് ആളുകൾ ഇപ്പോഴും ഇതിലൂടെ യാത്ര ചെയ്യുകയാണ്. മുടവന്തൂരിനേയും ഉമ്മത്തൂരിനേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം .
പാലം വഴിയല്ലെങ്കിൽ ഉമ്മത്തൂരിൽ നിന്ന് താഴെ മുടവന്തൂരിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം. അതിനാൽ അപകട മുന്നറിയിപ്പ് അവഗണിച്ച് ഇപ്പോഴും പാലത്തിലൂടെ ആളുകൾ യാത്ര ചെയ്യുകയാണ്. സ്കൂൾ വിദ്യാർത്ഥികളും ചില അവസരങ്ങളിൽ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ഇത് വകവയ്ക്കുന്നില്ലെന്ന് തൂണേരി പഞ്ചായത്തംഗം പറഞ്ഞു.
ഫോട്ടോ ഷൂട്ടിനായും ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. വിലക്ക് ലംഘിച്ചാണ് ഇത്തരം പ്രവർത്തികളെന്നും പഞ്ചായത്തംഗം പറയുന്നു.