ആഴപ്പരപ്പ് കണ്ട് ആത്മഹത്യ ചെയ്യാതെ പിന്തിരിഞ്ഞോടി, മകനെയും കൂട്ടി ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങി, ഇന്ന് കാക്കി യുണിഫോമണിഞ്ഞ് കേരള പോലീസില്‍; പ്രചോദനമായി പേരാമ്പ്രക്കാരി നൗജിഷയുടെ ജീവിത കഥ


പേരാമ്പ്ര: മരണമാണ് എല്ലാറ്റിമുള്ള അവസാന പോംവഴി എന്നാണ് പലരുടെയും ധാരണ, പന്തിരിക്കര സ്വദേശി നൗജിഷയുടെ ചിന്തയും മറിച്ചായിരുന്നില്ല. എന്നാല്‍ കിണറിന്റെ ആഴം ഭയപ്പെടുത്തി പിന്തിരിച്ചോടിച്ചപ്പോള്‍ വിജയത്തിന്റെ പടികളാണ് താന്‍ ചവിട്ടിക്കയറാന്‍ പോവുന്നത് നൗജിഷ കരുതി കാണില്ല. തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പേരേഡിലൂടെ കേരള പോലീസിന്റെ ഭാഗമായി മാറിയിരിക്കുകയാണ് നൗജിഷ. ഭര്‍തൃവീട്ടിലെ മാനസിക-ശാരീരിക പീഢനങ്ങളെ തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അര്‍ക്കെല്ലാം മാതൃകയായി മാറുകയാണ് ഈ പേരാമ്പ്രക്കാരി.

എംസിഎ ഹോള്‍ഡറായ നൗജിഷ 2013 ലാണ് വിവാഹിതയാവുന്നത്. വിവാഹം ഉറപ്പിക്കുന്നതിന് മുന്നേ ജോലിക്ക് പോകാനുള്ള താത്പര്യം വരനെയും വീട്ടുകാരെയും അറിയിക്കുകയും അവര്‍ സമ്മതം പറയുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം എല്ലാം മാറി, ഗാര്‍ഹിക പീഡനം ആരംഭിച്ചു. ഭര്‍ത്താവിന്റെ കൊടും പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നിയപ്പോഴാണ് ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലേക്ക് നൗജിഷ എത്തുന്നത്.

കിണറില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു പ്ലാന്‍, പക്ഷേ അടുത്തെത്തിയപ്പോള്‍ ആത്മധൈര്യം ചോര്‍ന്ന് അവള്‍ പിന്തിരിഞ്ഞോടി. ആഴപ്പരപ്പ് ഭയപ്പെടുത്തിയപ്പോള്‍ മരിച്ചു ഭീരുവാകേണ്ടവളല്ല താനെന്ന് ബോധ്യപ്പെടുകയായിരുന്നു നൗജിഷയ്ക്ക്. മൂന്നര വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം അവള്‍ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി.

സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുകയും അതോടൊപ്പം പേരാമ്പ്രയിലെ ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കാനും തുടങ്ങി നൗജിഷ. മുഴുവന്‍ സമയ പരിശീലനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതോടെ അധ്യാപനം നിര്‍ത്തി. അതിനിടയില്‍, വിവാഹമോചനത്തിന് ഹര്‍ജി നല്‍കി. ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടമായാണ് നൗജിഷ ഇതേകുറിച്ച് ഓര്‍ക്കുന്നത്.

അടുത്ത വര്‍ഷം എറണാകുളം ജില്ലയിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള കെപിഎസ്സി സപ്ലിമെന്ററി ലിസ്റ്റില്‍ നൗജിഷ ഇടം നേടി. കാസര്‍കോട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (ഡബ്ല്യുസിപിഒ) തസ്തികയില്‍ ഫിസിക്കല്‍ ടെസ്റ്റിന് വിളിച്ചെങ്കിലും പരാജയപ്പെട്ടു. നിരാശയില്ലാതെ അവള്‍ പരിശ്രമം തുടര്‍ന്നു. ഡബ്ല്യുസിപിഒ തസ്തികയിലേക്കുള്ള സംസ്ഥാനതല പട്ടികയില്‍ 141-ാം റാങ്കും, തൃശ്ശൂരിലെ ഡബ്ല്യുസിപിഒയുടെ മുസ്ലീം (കാന്‍ഡിഡേറ്റ് ലഭ്യമല്ല) ലിസ്റ്റില്‍ ഒന്നാം റാങ്കും എറണാകുളത്തെ റാങ്ക് ലിസ്റ്റില്‍ എട്ടാം റാങ്കും അവര്‍ക്ക് ലഭിച്ചു. സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ നൗജിഷ സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റ്് തിരഞ്ഞെടുക്കുകയും ഏപ്രില്‍ 15 ന് ഒരു വനിതാ പോലീസായി ചേരുകയും ചെയ്തു.

കേരള പോലിസ് അക്കാദമിയില്‍ ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നൗജിഷ ഉള്‍പ്പെടെ 446 വനിതാ പോലിസ് കോണ്‍സ്റ്റബിള്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് എത്തിയ ഉമ്മയുടെയും മകന്റെയും വീഡിയോ ഏവരെയും സന്തോഷിപ്പിക്കുന്നതാണ്. പരസ്പരം കെട്ടിപ്പിടിക്കുകയും യുണിഫോമിലെ ഫിസില്‍ വിളിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.