ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ താത്ക്കാലിക നിയമനം; ഒഴിവും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് എംഎസ്ഡബ്ല്യൂ/എം എ സോഷ്യോളജി/ എംഎ ആന്ത്രോപ്പോളജി പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

മതിയായ അപേക്ഷകള്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ്. വനത്തിനുള്ളില്‍ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമെ ഈ നിയമനത്തിന് അപേക്ഷ നല്‍കേണ്ടതുള്ളൂ. കൂടിക്കാഴ്ച്ചക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ALSO READ- ജോലിയെന്ന സ്വപ്‌നം ഇതാ കയ്യെത്തും ദൂരത്ത്; കൊയിലാണ്ടിയിൽ മെഗാ തൊഴില്‍ മേള ശനിയാഴ്ച, ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അപേക്ഷ ഫോറത്തിന് http://www.stdd.kerala.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജുലൈ 31 നുള്ളില്‍ ജില്ലാ ഓഫീസില്‍ എത്തിക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി അനുവദിക്കും.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു വര്‍ഷക്കാലം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറില്‍ ഏര്‍പ്പടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2376364