ചക്കിട്ടപ്പാറക്കാരന്‍ ജിന്റോ തോമസിന്റെ സംവിധാനത്തില്‍ പടച്ചോന്റെ കഥകള്‍; മുതുകാടിന്റെ ദൃശ്യഭംഗി പകര്‍ത്തിയ ചിത്രം ബുക്ക് മൈ ഷോയിലൂടെ ഇപ്പോള്‍ കാണാം
പേരാമ്പ്ര: ചക്കിട്ടപ്പാറക്കാരനായ സംവിധായകന്‍ ജിന്റോ തോമസിന്റെ ചിത്രം ‘പടച്ചോന്റെ കഥകള്‍’ ബുക്ക് മൈ ഷോയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. തിരകഥാകൃത്തായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ശേഷം ജിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
119 രൂപയാണ് ചിത്രം കാണാന്‍ മുടക്കേണ്ടത്. 299 രൂപ കൊടുത്ത് ചിത്രം സ്ഥിരമായി ലൈബ്രറിയിലേക്ക് ചേര്‍ക്കുകയുമാവാം.
പ്രതിലിപി മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയില്‍ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന അന്തോണി എന്ന സിനിമയാണ് ജിന്റോ ആദ്യമായി സംവിധാനം ചെയ്യുന്നത്. നിഷ സാരംഗ്, വിജിലേഷ് കാരയാട്, ഡാവിഞ്ചി സതീഷ്,ജിയോ ബേബി, ശ്രീജിത്ത് കൈവേലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതുകാടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
ഷിനു ലോനപ്പന്‍, സെബിന്‍ ബോസ് എന്നിവരുടെ കഥക്ക് വിഷ്ണു മോഹനന്‍ ആണ് തിരക്കഥ ഒരുക്കിയത്. ചന്തു മേപ്പയൂര്‍ ക്യാമറയും പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും സാന്റി സംഗീത സംവിധാനവും ബിജു സീനിയ, ബിജു ജോസഫ്എന്നിവര്‍ ആര്‍ട്ടും കൈകാര്യം ചെയ്യുന്നു. റനീഷ് മുതുകാട് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസും സഗില്‍ രവീന്ദ്രനും ചേര്‍ന്ന് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രം നിരവധി ദേശിയ അന്തര്‍ദേശിയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും കാടകലമായിരുന്നു. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന്റെ ജീവിതമാണ് ചിത്രത്തില്‍. തിരകഥാകൃത്തിന്റെ കുപ്പായത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റവുമായാണ് അദ്ദേഹം വീണ്ടും പ്രേഷകരിലേക്കെത്തുന്നത്.