ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി; വയനാട് കൽപ്പറ്റയിൽ ബസും വാനും കൂട്ടിയുടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു


വയനാട്: കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു. ഗുരുതരാവസ്ഥയെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

അപകടത്തിൽ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും കൂട്ടയിടിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ശ്രുതിക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കിൻഫ്രയ്ക്കടുത്ത് സ്ഥിരം അപകടമേഖലയായ വളവിലാണ് വാനും ബസും കൂട്ടിയിടിച്ചത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. ശ്രുതിയുടെ കൈപിടിച്ച് ക്യാമ്പിലൂടെ നടക്കുന്ന ജെൻസൺന്റെ ദൃശ്യങ്ങളും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.