ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; വാണിമേല്‍ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി ആരോഗ്യവിഭാഗം


നാദാപുരം: മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിമേല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും വാണിമേല്‍ ഫെസ്റ്റ് നടക്കുന്ന പ്രദേശത്തുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഫെസ്റ്റിലെ മുളകുബജി നിര്‍മാണ കേന്ദ്രത്തിലെ 60 ലിറ്റര്‍ എണ്ണ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന രേഖ എന്നിവ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.പി.പി സഫര്‍ ഇഖ്ബാല്‍ അറിയിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി ജയരാഘവന്‍, പി.പി സതീഷ്, കെ.എം ചിഞ്ചു എന്നിവര്‍ പങ്കെടുത്തു.

വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ 24 പേർക്കും ആയഞ്ചേരിയിൽ 30 പേർക്കും മണിയൂരിൽ ഏഴുപേർക്കുമാണ്‌ അടുത്തിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്‌. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി പ്രദേശങ്ങളില്‍ കിണർ ക്ലോറിനേഷൻ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ വിതരണം, കുടിവെള്ള പരിശോധന എന്നിവ നടത്തിയിരുന്നു.

Description: Jaundice spreads; Health department has intensified inspection in Vanimel panchayat