വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു; ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്


നാദാപുരം: വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു. 7 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. വാണിമേലിൽ നേരത്തെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം കൂടി ലഭ്യമായിത്തുടങ്ങിയതോടെയാണ് രോ​ഗ വ്യാപനത്തിന്റെ തോത് വ്യക്തമായത്. കുറച്ചുപേരുടെ പരിശോധനാ ഫലം കൂടി ലഭ്യമാകാനുണ്ട്.

പനിയോ മഞ്ഞപ്പിത്ത ലക്ഷണങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും കൈകാര്യം ചെയ്യുന്നതു ശുചിത്വം പാലിച്ചു കൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. പകർച്ചവ്യാധികൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും വാണിമേൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സഫർ ഇഖ്ബാൽ അറിയിച്ചു. അതേസമയം തൂണേരിയിൽ 2 പേർക്കും നരിപ്പറ്റയിൽ ഒരാൾക്കും കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.