ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതർ 300 കവിഞ്ഞു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂൾ തുറക്കാത്തത്.
വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളിലാണ് കൂടുതലും മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യു പി ക്ലാസുകളിലെ കുട്ടികളിൽ രോഗ ബാധിതർ താരതമ്യേന കുറവാണ്. സ്കൂളിൽ ഇന്ന് ക്ലാസ് പി ടി എ വിളിച്ചു ചേർത്ത് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകിയിട്ടുണ്ട്.
സ്കൂൾ വീണ്ടും തുറക്കുന്ന അവസരത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും വീടുകളിൽ നിന്ന് ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും കൊടുത്തയക്കണമെന്ന് ആരോഗ്യ പ്രവർത്തകർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. താല്ക്കാലികമായി സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾഡ്രിംങ്സ് തുടങ്ങിയവ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി.
പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രോഗം ബാധിതരുടെ വീടുകളിലെ കിണറുകളെല്ലാം ക്ലോറിനേഷൻ നടത്തി. നാളെയും മറ്റന്നാളുമായി പഞ്ചായത്തിലെ എല്ലാ വീട്ടു കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തും. വീടുകൾ കയറിയിറങ്ങി വളണ്ടിയർമാർ ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സ്കൂളിലേയും പരിസരത്തെ കടകളിലേയും ഏതാനും വീടുകളിലേയും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.