മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച സംഭവം; സ്കൂൾ പരിസരത്ത് സിപ്പപ്പ് വിൽപ്പന ആരോഗ്യവിഭാഗം നിർത്തലാക്കി
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 23 കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തിൽ സ്കൂൾ പരിസരത്ത് സിപ്പപ്പ് വിൽപ്പന ആരോഗ്യവിഭാഗം നിർത്തലാക്കി.മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ ഭക്ഷണം കഴിച്ച മൂന്ന് സ്ഥാപനങ്ങളിലെ കുടിവെള്ളപരിശോധനാ ഫലം പുറത്തുവരാനുണ്ട്. ഒട്ടേറെ കുട്ടികൾ സിപ്പപ്പ് കഴിച്ചിരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗവും ജില്ലാ ആരോഗ്യവിഭാഗവും സിപ്പപ്പ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. വില്ല്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി എന്നിവിടങ്ങളിലെ കുട്ടികൾക്കെല്ലാം രോഗം പിടിപെട്ട സാഹചര്യത്തിൽ സ്കൂൾ പരിസരത്ത് കുറച്ചുകാലത്തേക്ക് സിപ്പപ്പ് വിൽപ്പന ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സ്കൂളിലെ കുടിവെള്ളത്തിൻ്റെ പരിശോധനാ ഫലം ലഭിച്ചു. വെള്ളം സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. രോഗഹേതുവായ ഘടകങ്ങളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അറിയിച്ചു. കിണർ വെള്ളം, വാട്ടർ പ്യൂരിഫെയറിലെ വെള്ളം, കൈകഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളം എന്നിവയാണ് പരിശോധനയ്ക്ക് അയച്ചത്.
എല്ലായിടത്തും ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. തോടന്നൂർ ബ്ലോക്ക് തലത്തിൽ തിങ്കളാഴ്ച ഇന്റർ സെക്ടറൽ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളോടും ആരോഗ്യ സ്ഥിരം സമിതി വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം നൽകി. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും ചേരുന്നുണ്ട്.