ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി പഞ്ചായത്ത്‌


പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്. വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീടുകളില്‍ വിശ്രമത്തിലാണ്.

സ്‌ക്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് സ്‌ക്കൂളിന് സമീപത്തെ വീടുളിലും കടകളിലും ചങ്ങരോത്ത് പഞ്ചായത്ത് ആരോഗ്യവിഭാഗവും, ജില്ലാ മെഡിക്കല്‍ സംഘവും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്കൂളിന് സമീപത്ത്‌ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിതായും, നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും, എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

രോഗം സ്ഥിരീകരിച്ചതോടെ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഇന്നലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പരിശോധന നടത്തി. ഇന്ന് പരീക്ഷ കഴിയുന്നതിനനുസരിച്ച് ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും പരിശോധന നടത്തും.

മാത്രമല്ല സ്‌ക്കൂളില്‍ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് അസുഖത്തിന്റെ മുന്‍കരുതലുകളെക്കുറിച്ചും, കുട്ടികളുടെ തുടര്‍ ചികിത്സകളെക്കുറിച്ചും ചര്‍ച്ച നടത്തിയതായും പ്രസിഡണ്ട് പറഞ്ഞു.

Description: Jaundice epidemic at paleri school; About 50 students have been diagnosed with the disease