വില്ല്യാപ്പള്ളി എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; 19 വിദ്യാർത്ഥികൾക്കാണ് രോഗ ബാധ, പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോഗ ബാധ. 19 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വീടുകളിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിജുള വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
സ്കൂളിലെ വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂളിലെ കിണർ സൂപ്പർ ക്ലോറിനേഷൻ നടത്തി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബോധവത്ക്കരണ ക്ലാസ് നൽകിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കും.
മഞ്ഞപ്പിത്ത രോഗം പിടിപെട്ട സാഹചര്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ. കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിഷ, ജനപ്രതിനിധികൾ മെഡിക്കൽ ഓഫീസർ ഡോ.ജ്യോതി, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ. കെ ബാബു, ഇതര വകുപ്പ് ഉദ്യോഗസ്ഥർ, പ്രൈവറ്റ് ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.