ദേശീയപാത നിർമ്മാണത്തിനായി ജലജീവൻ മിഷൻ്റെ പൈപ്പ്ലൈൻ മുറിച്ചു; മാസങ്ങളായി കുടിവെള്ളം മുടങ്ങി അഴിയൂരുകാർ


വടകര: ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി ജല്‍ജീവൻ മിഷന്‍റെ പൈപ്പ്‌ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയതിനാൽ ദുരിതത്തിലായി നാട്ടുകാർ. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവീസ് ബാങ്കിന് സമീപമാണ് പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് ജലവിതരണം മൂന്ന് മാസമായി തടസപ്പെട്ടത്.

അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള 12, 13, 14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്, കറപ്പകുന്ന്, ബംഗ്ലക്കുന്ന് പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്ന പൈപ്പ്‌ ലൈനാണ് മുറിച്ചിട്ടത്. ദേശീയപാതാ നിർമ്മാണം അനന്തമായി നീളുമ്പോൾ തങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാതെ നീണ്ടു പോകുന്നതിലുള്ള ആശങ്കയിലാണ് പ്രദേശ വാസികൾ.

തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. 400 ഓളം കുടുംബങ്ങള്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്. കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്. ജലക്ഷാമം ഏറെയുള്ള ഭാഗത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ അധികൃതരുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary: Jaljeevan Mission’s pipeline cut for highway construction; The people of Azhiyur have been without drinking water for months