ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു; ജലവിതരണം ഉടൻ തുടങ്ങണമെന്ന് ജനങ്ങൾ


വടകര: ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു. ജലവിതരണം ഉടൻ തുടങ്ങണമെന്നആവശ്യവുമായി ജനങ്ങൾ രം​ഗത്ത്. കുരിക്കിലാട് മലയിൽ 20 ലക്ഷം ലീറ്റർ ശുദ്ധജലം സംഭരിക്കുന്ന ടാങ്ക് നിർമ്മിച്ചിട്ട് ഏറെയായി. എന്നാൽ ശുദ്ധീകരണശാലയുടെ പണി തുടങ്ങാത്തതാണ് ജലനിധി പദ്ധതി പ്രവർത്തനം വൈകാൻ കാരണമാകുന്നത്.

പുതുതായി 7,543 പേർ ഗുണഭോക്താക്കളായുള്ള പദ്ധതിക്കു വേണ്ടി 40 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. കുരിക്കിലാട് മലയിലെ ഈ ടാങ്കിൽ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടന്ന് കൊണ്ടിരിക്കുകയാണ്. പക്ഷെ വേളം പഞ്ചായത്തിലെ ശുദ്ധീകരണ ശാലയിൽനിന്നു വെള്ളം കാപ്പുമല ടാങ്കിൽ എത്തിച്ച് കുരിക്കിലാട് മലയിലേക്കു വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടില്ല.

ശുദ്ധീകരണശാലയുണ്ടാക്കി റോഡരികിലൂടെ പൈപ്പ് സ്ഥാപിക്കണമെങ്കിൽ റോഡ് മുറിക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് സംബന്ധിച്ച തർക്കം അവസാനിച്ചാൽ മാത്രമേ ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനത്തിന് വേ​ഗം കൈവരികയുള്ളൂ. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജലനിധി ​ഗുണഭോക്താക്കൾ പറയുന്നു.