പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഇനി സമൃദ്ധമായി കുടിവെള്ളം; ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കമായി, ഹര്‍ഘര്‍ ജല്‍ പ്രഖ്യാപിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്തായി തുറയൂര്‍


തുറയൂര്‍: ജലസേചന വകുപ്പിനെ കര്‍ഷക സൗഹൃദ വകുപ്പായി മാറ്റുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാണ്യവിളകള്‍ക്ക് കൂടി വെള്ളം കൊടുക്കാനുള്ള ശ്രമമാണ് വകുപ്പ് ആലോചിക്കുന്നത്. ശാസ്ത്രീയമായ കൃഷി രീതി അവലംബിക്കാന്‍ കഴിഞ്ഞാല്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.12 കോടി രൂപ വകയിരുത്തി 7.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണവും പെരുവണ്ണാമൂഴിയില്‍ നിന്നുള്ള ശുദ്ധജലം ടാങ്കില്‍ എത്തിക്കുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് വിതരണ പൈപ്പും ടാപ്പുകളും സ്ഥാപിക്കുന്നതിന് ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.5 കോടി രൂപ ചെലവഴിച്ച് തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 3754 കണക്ഷന്‍ നല്‍കി. ഇതിലൂടെ ഹര്‍ഘര്‍ ജല്‍ പ്രഖ്യാപിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിക്ക് തുറയൂര്‍ പഞ്ചായത്ത് അര്‍ഹത നേടി.

തുറയൂരിലെ പയ്യോളി അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി. കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ഡോ. പി. ഗിരീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം രാമകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.കെ. ദിപിന , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സബിന്‍ രാജ്, ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫില്‍, മേലടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. ബാലന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.എ നാഷാദ് , എ.കെ. കുട്ടികൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍ ഐ.എസ് എ കോ ഓഡിനേറ്റര്‍ ടി.പി. രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.