ജൽ ജീവൻ മിഷൻ പദ്ധതി; ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്


കൈനാട്ടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാ​ഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ റോഡുകളിൽ കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ സമരത്തിലേക്ക്. ജല അതോറിറ്റി ഓഫീസിന് മുന്നിൽ ജനുവരി 3ന് രാവിലെ 10 മണിക്ക് പ്രതിഷേധ പരിപാടി നടത്തും. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേനയാണ് സമരം നടത്താൻ തീരുമാനിച്ചത്.

എല്ലാ റോഡുകളിലും കാൽ നടയാത്ര പോലും പ്രയാസകരമായതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾ കാരണം നിരവധി തവണ ജല വകുപ്പ് അധികൃതർ, കരാർ ഏജൻസി, ജനപ്രതിനിധികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചു ചേർക്കുകയും പരിഹാര നിർദേശങ്ങൾ തീരുമാനിക്കുകയും ചെയ്തിരുന്നു. പരിഹാരങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പഞ്ചായത്ത് പ്രസിഡണ്ട് പി.പിചന്ദ്രശേഖരന്റ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ജല വകുപ്പിന്റെ വടകര ഓഫിസിലെത്തി കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് ഡിസം: 30 ന് മുമ്പ് എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഡിസംബർ 30 കഴിഞ്ഞിട്ടും യാതൊരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയത്.

പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അദ്യക്ഷരായ കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, കെ.കെ. റിനീഷ്, വി.പി അബൂബക്കർ, ടി.പി. മനീഷ് കുമാർ, പ്രിയങ്ക സി.പി. എന്നിവർ സംസാരിച്ചു.