‘ഉരുൾപ്പൊട്ടലിൽ എല്ലാവരെയും നഷ്ടപ്പെട്ട ഒരു കുഞ്ഞിനെങ്കിലും അമ്മയും അച്ഛനും ആകാൻ ഞങ്ങൾക്ക് കഴിഞ്ഞാൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം’; വയനാട് ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നാദാപുരം റോഡ് വല്ലത്തുകുന്നിലെ ദമ്പതികൾ
വടകര: പ്രകൃതിദുരന്തങ്ങളിൽ കേരളത്തിൻറെ രക്ഷാപ്രവർത്തനവും അതിജീവനവും ലോകത്തിന് നേരെത്തെ തന്നെ മാതൃകയായിരുന്നു . ഇപ്പോഴിതാ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ അതിജീവനത്തിലാണ് . ലോകത്തിന്റെ നാനാഭാഗത്തുനിന്നും സുമനസ്സുകളുടെ സഹായങ്ങൾ വയനാടുകാർക്ക് എത്തുന്നുണ്ട്. അമ്മ നഷ്ടപ്പെട്ടുപോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ വരെ വയനാട്ടിലേക് മറ്റു ജില്ലകളിൽ നിന്നുള്ള അമ്മമാരെത്തി. ഇതെല്ലാം ഒരു അത്ഭുതമായി മറ്റുള്ളവർ നോക്കി കാണുന്നു. ഇതിനിടയിലാണ് വയനാട്ടിലെ ഉരുൾപൊട്ടലിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടുപോയ കുട്ടികളെ ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ദമ്പതികൾ എത്തുന്നത്. നാദാപുരം റോഡ് വല്ലത്ത് താഴെ കുനിയിൽ ജനാർദ്ധനൻ-ലത ദമ്പതികളാണ് ഒരു കുട്ടിയെ ദത്തെടുക്കാൻ തയ്യാറാണെന്നും അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
വയാനാട് ഉരുൾപൊട്ടലിനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം ടി വിയിൽ കാണാറുണ്ടായിരുന്നു. . വയനാട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മ നഷ്ടപ്പെട്ടിട്ടുണ്ട്. അത് അറിഞ്ഞപ്പോൾ വലിയ വിഷമമായിരുന്നു. തങ്ങൾക്ക് മക്കളില്ല. അതിനാൽ അവിടുന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ കഴിയുമോയെന്ന കാര്യം ഭാര്യ ലതയാണ് ആദ്യം പറഞ്ഞതെന്ന് ജനാർദ്ധനൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ദത്തെടുക്കലിന് ഒരുപാട് നിയമ വശങ്ങൾ ഉണ്ട്. സർക്കാർ മുഖേന മാത്രമേ ദത്തെടുക്കൽ സാധ്യമാവുകയുള്ളൂ. അതിനാൽ തങ്ങളുടെ ആഗ്രഹം കൈരളി ന്യൂസിലേക്ക് വിളിച്ച് പറഞ്ഞു. മാധ്യമങ്ങൾ ഇടപെട്ടാൽ കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തതെന്നും ജനാർദ്ധനൻ പറഞ്ഞു.
മാധ്യമങ്ങളിലൂടെ തങ്ങളുടെ ആഗ്രഹം പുറത്തറിഞ്ഞപ്പോൾ നിരവധി ഫോൺകോളുകളാണ് വരുന്നത്. വയനാട് നിന്ന് ഒരു യുവാവ് വിളിച്ചിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയുണ്ട് ദത്തെടുക്കാൻ കഴിയുമോ ചോദിച്ചിട്ട്. സർക്കാരിനെ അറിയിക്കാതെ അവരെ അനുമതിയില്ലാതെ ദത്തെടുത്താൽ പിന്നീട് നിയമ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ അവരോട് മറുപടി പറഞ്ഞിട്ടില്ലെന്ന് ജനാർദ്ധനൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. [mid5]
നേരിട്ട് സർക്കാർ വഴി ദത്തെടുക്കാനാണ് ശ്രമം. വയനാട് ഒരുപാട് കുഞ്ഞുങ്ങളുണ്ട് ഒറ്റപ്പെട്ടുപോയവർ. അവരിൽ ആർക്കേലും ഒരാൾക്ക് അച്ഛനും അമ്മയും ആകാൻ തങ്ങൾക്ക് കഴിഞ്ഞാൽ അത് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരിക്കുമെന്ന് ഇവർ പറയുന്നു.ഇത്തരമൊരു സാഹചര്യമായതിനാൽ ദത്തെടുക്കൽ നിയമത്തിൽ സർക്കാർ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ലത പറഞ്ഞു. വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജനാർദ്ധനൻ, ഭാര്യ ലത വടകരയിൽ കട നടത്തുകയാണ്. [mid6]