വാഹനത്തിന് ഇൻഷുറൻസില്ലെങ്കിൽ ഇനി ബുദ്ധിമുട്ടാകും; ഇന്ധനം നിറയ്ക്കാൻപോലും കഴിയില്ല, പുതിയ നിയമവുമായി കേന്ദ്രം
ദില്ലി: വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി വല്ലാതെ ബുദ്ധിമുട്ടും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും ഫാസ്ടാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെന്ന് തെളിയിക്കണം. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇൻഷുറൻസ് കവറേജുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നിരത്തുകളിൽ പകുതിയിലധികം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര ധനമന്ത്രാലയം റോഡ് ഗതാഗത മന്ത്രാലയത്തോട് നടപടികൾക്ക് നിർദേശം നൽകി കഴിഞ്ഞു. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ ഉടൻ നൽകും. മോട്ടോർ വാഹന ആക്ടിൽ ഇത് സംബന്ധിച്ച് മാറ്റങ്ങൾ വരുത്തും. ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾക്ക് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ടെക്സ്റ്റ് മെസേജുകൾ അയക്കാൻ തുടങ്ങണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മോട്ടോർ വാഹന നിയമപ്രകാരം തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്. ആദ്യമായി കുറ്റം ചെയ്യുന്നയാൾക്ക് 2000 രൂപ പിഴയോ മൂന്ന് മാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ പിഴ 4,000 രൂപയായി ഉയർത്താമെന്നുമാണ് മോട്ടോർ വാഹന നിയമം വ്യക്തമാക്കുന്നത്.