”പതിവായി പോകാറുളള വേഗതയിലാണ് പോയത്, അപകടം നടന്നതിന് പിന്നാലെ ഞെട്ടിത്തരിച്ചുപോയി, ബസില്‍ കൂട്ട നിലവിളിയായിരുന്നു”; എലത്തൂരില്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന വിയ്യൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറയുന്നു


കൊയിലാണ്ടി: വലിയൊരു അപകടത്തിൽ നിന്നും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിയ്യൂർ സ്വദേശിയായ ദിനേശൻ. കഴിഞ്ഞദിവസം എലത്തൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിലെ യാത്രക്കാരുടെ കൂട്ടത്തിൽ ദിനേശനുമുണ്ടായിരുന്നു. അപകടത്തിൽ ദിനേശന്റെ കാലിനും കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്.

വിയ്യൂർ സ്വദേശിയായ ദിനേശൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്. തലശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് വരെ പോകുന്ന കനിക ബസിലാണ് രാവിലെ ഡ്യൂട്ടിക്ക് പോകാറുള്ളതെന്ന് ദിനേശൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അപകടം നടന്ന ഇന്നലെ ബസ് പതിവിലും ഏറെ വൈകിയിരുന്നു. രാത്രിയിലെ ശക്തമായ മഴകാരണം പയ്യോളി ഭാഗത്തെല്ലാം വെള്ളക്കെട്ടായതുകൊണ്ടാണ് വൈകിയതെന്നാണ് ജീവനക്കാർ പറഞ്ഞത്. കൊല്ലം ബസ് സ്റ്റോപ്പിൽ നിന്നാണ് ബസിൽ കയറാറുള്ളത്. ബസ് ഏറെ വൈകിയിട്ടും വരാതായതോടെ കണ്ടക്ടറെ വിളിച്ച് ഇന്ന് ബസുണ്ടോയെന്ന് അന്വേഷിച്ചു. വരുന്നുണ്ട് എന്ന് പറഞ്ഞത് പ്രകാരം കാത്തിരിക്കുകയായിരുന്നു.

പതിവായി പോകുന്ന വേഗതയിൽ തന്നെയാണ് പോയത്. ബസിന്റെ പിൻഭാഗത്തായിരുന്നു ഇരുന്നത്. ബസിൽ സീറ്റ് നിറയെയും കുറച്ച് ആളുകൾ നിൽക്കുന്നുമുണ്ടായിരുന്നു. അതിനാൽ എലത്തൂരിൽ എന്താണ് നടന്നതെന്ന് കൃത്യമായി കണ്ടിട്ടില്ല. പെട്രോൾ പമ്പിലേക്ക് ലോറി തിരിഞ്ഞപ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പറ്റിയ അപകടമാകാമെന്നാണ് കരുതുന്നത്. അപകടം നടന്നതിന് പിന്നാലെ ആകെ തരിച്ചുപോയ സ്ഥിതിയായിരുന്നു. ബസിൽ നിന്നും കൂട്ടനിലവിളി ഉയരുന്നുണ്ട്. പിൻഭാഗത്തെ ഗ്ലാസ് തകർത്ത് പുറത്തുണ്ടായിരുന്ന ചിലർ ഓരോരുത്തരെയായി പുറത്തേക്ക് കയറ്റി. പുറത്തെത്തിയപ്പോൾ മുറിവിന്റെ കാര്യമൊന്നും ശ്രദ്ധിച്ചില്ല, ബസിലുണ്ടായിരുന്ന മറ്റുള്ളവരെക്കൂടി പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.

ബസിന്റെ മുകൾഭാഗത്തേക്ക് ഏണിവെച്ച് കയറിയും മറ്റും ചിലർ ആളുകളെ പുറത്തെടുത്തു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എല്ലാവരേയും പുറത്തെത്തിച്ചു. അപ്പോഴാണ് കാലിൽ നിന്നും ചോര പോകുന്നത് ശ്രദ്ധിച്ചത്. പല വാഹനങ്ങളിലായി പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലാണ് ഞാൻ ആശുപത്രിയിലേക്ക് പോയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയശേഷം വീട്ടിലേക്ക് പോന്നു. വീട്ടിലെത്തി ഇന്നലെ വൈകുന്നേരമായതോടെ കൈക്ക് നല്ല വേദന തോന്നി. തുടർന്ന് കൊയിലാണ്ടിയിലെ എല്ല് രോഗ വിദഗ്ധനെ കാണിച്ചു. മസിലിന് പരിക്കാണെന്നാണ്് പറഞ്ഞത്. മൂന്നാലു ദിവസം കഴിഞ്ഞ് സ്‌കാൻ ചെയ്ത് നോക്കാമെന്ന് പറഞ്ഞത് പ്രകാരം ഇപ്പോൾ വിശ്രമത്തിലാണ്.” ദിനേശൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസ് ആയതിനാൽ സ്ഥിരമായി ഈ ബസിൽ പോകുന്ന മെഡിക്കൽ കോളേജ് ജീവനക്കാരടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു. വടകര സ്വദേശിയായ സ്ഥിരം യാത്രികരിലൊരാൾക്ക് തലയ്ക്ക് നല്ല പരിക്കുണ്ടെന്നാണ് അറിഞ്ഞത്. പരിക്കുകൾ പലർക്കും സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നുമുണ്ടായില്ലല്ലോ എന്ന ആശ്വാസമാണ് ഇപ്പോഴും ദിനേശൻ പറഞ്ഞു. [mid5]

വ്യാഴാഴ്ച രാവിലെ 7.45 ഓടെയാണ് എലത്തൂർ പെട്രോൾ പമ്പിന് സമീപം സ്വകാര്യബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അറുപതോളം പേർക്ക് പരിക്കുപറ്റിയിരുന്നു. പരിക്കേറ്റവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. [mid6]