ഇന്നും പെരുമഴ തന്നെ; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ജാഗ്രത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറ‍ഞ്ച് അലേർട്ട് ആണ്.

വടക്കൻ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

അതേസമയം അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കോഴിക്കോട് ജില്ലയുൾപ്പടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അഞ്ചിടത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇന്ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലേർട്ടാണ്. കാസർകോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.