പെരുവണ്ണാമൂഴിലെ ചെള്ള് വന്യജീവികളില്‍ കാണപ്പെടുന്നത്; ഫാം പ്രദേശത്തേക്കെത്തുന്ന ജീവികളില്‍ നിന്നും വ്യാപിച്ചതാകാമെന്ന് നിഗമനം
പേരാമ്പ്ര: പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ കാണപ്പെട്ട ചെള്ള് വന്യജീവികളില്‍ കാണപ്പെടുന്നതെന്ന് നിഗമനം. വനമേഖലകളില്‍ കാണപ്പെടുന്ന ഹീമാഫിസാലിസ് വിഭാഗത്തില്‍പ്പെടുന്ന ചെള്ളാണിതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
കൊതുകുകളെപ്പോലെ ജീവികളുടെ രക്തം കുടിച്ചാണിതിന്റെ വളര്‍ച്ച. വനമേഖലയിലെ ജീവികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് രക്തം വലിച്ചെടുക്കുകയാണ് പതിവ്. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് എത്തുമ്പോഴാണ് മറ്റിടങ്ങളിലേക്കും ഇത് എത്താനിടയാകുന്നത്. നവംബര്‍മുതല്‍ ജൂണ്‍വരെയുള്ള സമയത്താണ് ഇത് കൂടുതല്‍ കാണപ്പെടാറുള്ളത്.
വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്താണ് പെരുവണ്ണാമൂഴിയിലെ സുഗന്ധവിള ഗവേഷണകേന്ദ്രമുള്ളത്. അതിനാല്‍ തന്നെ ഇവിടങ്ങളിലേക്ക് മലമാന്‍, കാട്ടുപന്നി തുടങ്ങിയവയൊക്കെ കടന്നുവരാറുണ്ട്. ഇങ്ങനെ വനമേഖലയില്‍നിന്ന് ഫാം പ്രദേശത്തേക്ക് എത്തുന്ന ജീവികള്‍ വഴിയാണ് ചെള്ളിന്റെ സാന്നിധ്യമുണ്ടായതെന്നാണ് നിഗമനം.
ഗവേഷണകേന്ദ്രത്തിലെ ജീവനക്കാര്‍ ചെള്ളുകടിച്ച് പെരുവണ്ണാമൂഴിയില്‍ ചികിത്സതേടിയതിനെത്തുടര്‍ന്നാണ് ആരോഗ്യവിഭാഗം വിശദമായ പരിശോധന നടത്തിയത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സംഘം സ്ഥലത്തെത്തി ചെള്ളുകളെ ശേഖരിച്ച് വിദഗ്ധപരിശോധന നടത്തുകയായിരുന്നു.