വടകര ബൈപ്പാസിലെ സർവീസ് റോഡിനോട് ചേർന്നുള്ള ഓവുചാൽ സ്ലാബുകള്‍ പൊട്ടിയിട്ട് ദിവസങ്ങള്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍


വടകര: നവീകരണം നടക്കുന്ന വടകര ദേശീയപാതയിലെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ സ്ലാബ് നിരന്തരമായി പൊട്ടുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ ബൈപ്പാസിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റിയിരുന്നു. എന്നാല്‍ പുതിയ സ്ലാബുകളും പൊട്ടാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.

അടയ്ക്കാത്തെരുവിൽനിന്നും ഇറങ്ങി ബൈപ്പാസിന്റെ ഇടതുവശത്തേക്ക് പോകുന്ന വഴിയിൽ രണ്ടിടത്താണ് സ്ലാബ് പൊട്ടിക്കിടക്കുന്നത്. ഓവുചാല്‍ സ്ലാബ് വഴി വരുന്ന വാഹനങ്ങള്‍ ഇവിടെ നിന്ന് സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങണം. ഇത് വീണ്ടും ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്‌

നിലവില്‍ ഇതിലേക്ക് വാഹനം കടക്കാതിരിക്കാന്‍ പുതിയ സ്ലാബ് മുകളില്‍ ഇട്ടിട്ടുണ്ട്. ഇതോടെ ഈ വഴി യാത്രക്കാര്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഉയരപ്പാതയുടെ പൈലിങ് ജോലി നടക്കുന്നതിനാല്‍ അടയ്ക്കാതെരു മുതല്‍ പുതിയ സ്റ്റാന്റ് വരെ സര്‍വ്വീസ് റോഡ് വഴിയാണ് ഇപ്പോള്‍ പോകുന്നത്. ഇത് വലിയ ഗതാഗതകുരുക്കാണ് ഉണ്ടാക്കുന്നത്.

പരമാവധി അഞ്ചരമീറ്ററാണ് സർവീസ് റോഡിന്റെ വീതി. ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ ഈ റോഡില്‍ കുടുങ്ങിയാല്‍ പിന്നെ മറ്റൊരു വാഹനത്തിനും കടന്നുപോകാന്‍ സാധിക്കാറില്ല. എന്നാല്‍ സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുള്ള ഒന്നരമീറ്റര്‍ ഓവുചാല്‍ സ്ലാബും കൂടി ഉപയോഗപ്പെടുത്തിയാല്‍ ചെറിയ വാഹനങ്ങള്‍ക്ക്‌ കഷ്ടിച്ച് കടന്നുപോകാന്‍ സാധിക്കും. മുമ്പ് ഇത്തരത്തില്‍ ചെറിയ വാഹനങ്ങള്‍ കടന്നു പോയിരുന്നു. എന്നാല്‍ സ്ലാബുകള്‍ പലയിടത്തും പൊട്ടാന്‍ തുടങ്ങിയതോടെ ഇത് നിലച്ചു. എസ്.ജി.എം.എസ്.ബി സ്‌ക്കൂളിന് സമീപത്തെ സ്ലാബ് പൊട്ടി പല കഷണങ്ങളായി നുറുങ്ങുകയും ചെയ്തിട്ടുണ്ട്.

Description: It has been days since the slab slabs adjacent to the service road on the Vadakara Bypass broke