വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി


കുറ്റ്യാടി: വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. വികസന പ്രവൃത്തി ആരംഭിച്ചിട്ട് 2 വർഷത്തിലധികമായി. ഇതിനിടെ പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ജനപ്രതിനിധികൾക്ക് ലഭിച്ചിരുന്നു. ഇത് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് മന്ത്രി ഇടപെട്ടത്.

മുക്കാളിയിലും ,മടപ്പള്ളി മാച്ചിനേരിയിലും സോയിൽ നെയിലിംഗ് ചെയ്ത ഭാഗത്ത് തകർച്ച നേരിട്ടിരുന്നു. എന്നാൽ ഇതുവരെയായി മണ്ണിടിച്ചലിന് ശാശ്വത പരിഹരം കണ്ടിട്ടില്ല. കൈനാട്ടി,പെരുവട്ടംതാഴ,ചോറോട് എന്നീ ഭാഗങ്ങളിലുള്ള നിർമ്മാണ പ്രവർത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് കാരണം ദിവസേന മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കരുക്കാണ് ഉണ്ടാകുന്നത്. മാത്രമല്ല റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണുള്ള അപകടങ്ങൾ പതിവാകുകയാണ്. തുടങ്ങിയ പ്രശ്നങ്ങളാണ് എംഎൽഎ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

നാദാപുരം റോഡ്,ചോമ്പാല അണ്ടർപാസ് പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അടിയന്തരമായി ഈ പ്രവൃത്തികൾ ആരംഭിക്കണം. കുഞ്ഞിപ്പള്ളി മുതൽ വടകര വരെ എല്ലാ സ്ഥലങ്ങളിലും സർവ്വീസ് റോഡുകൾ നിർമ്മിക്കണം. മഴക്കാലത്ത് ഉണ്ടാകുന്ന ആശങ്കകൾ കൂടി ഗൗരവമായി കണക്കിലെടുത്തുകൊണ്ട് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും എംഎൽഎ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ഉന്നയിച്ചിരുന്നു. ഈ കാര്യങ്ങൾ പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

Description: Issues related to National Highway Development Work in Vadakara Taluk; Union Minister Nidin Gadgari will check and take action