കൺസഷൻ കാർഡില്ലാത്തതിന് ബസ്സിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കിവിട്ടു; തൃശ്ശൂരിൽ കണ്ടക്ടറുടെ പണിപോയി, സംഭവം ഇങ്ങനെ…


തൃശൂർ: കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി. വൈകുന്നേരം കോളേജ് വിട്ട സമയത്ത് തൃശൂർ – ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം വിദ്യാർഥികളെ ഇറക്കിവിട്ടത്. വിദ്യാർഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റത്തിലെ അപമര്യാദ പരാതിയാകുകയായിരുന്നു. ഇതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തിയപ്പോഴാണ് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ

കോലഴി ചിന്മയ കോളേജിലേയും വടക്കാഞ്ചേരി വ്യാസ കേളേജിലേയും വിദ്യാർത്ഥികളോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. കോളേജ് വിട്ട് ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ കൺസഷൻ കാർഡ് ചോദിക്കുകയും വിദ്യാർത്ഥികളെ യാത്രാമധ്യേ ഇറക്കിവിട്ട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത് പരാതിയായതിന് പിന്നാലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈസൻസില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നതായി ബോധ്യപ്പെട്ടത്.

തൃശൂർ – ഒറ്റപ്പാലം റൂട്ടിലോടുന്ന ഇഷാൻ കൃഷ്ണ ബസ്സിലെ കണ്ടക്ടർ സഞ്ജയ് കെ എസ് ആണ് ലൈസൻസില്ലാതെ ജോലി ചെയ്തിരുന്നത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനും വടക്കാഞ്ചേരി പൊലീസ് ഇയാളിൽ നിന്നും പിഴ ഈടാക്കി. ശേഷമാണ് ബസ് ഉടമയെ വിളിച്ചു വരുത്തി ഇയാളെ കണ്ടക്ടർ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശിച്ചത്.