ആധാർ തിരുത്താൻ പ്ലാൻ ഉണ്ടോ; ഇനിയത്ര എളുപ്പമല്ല, ചെറിയ തെറ്റുകൾ പോലും പാടില്ലെന്ന് നിബന്ധന


തിരുവനന്തപുരം: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാർ കാർഡ് തിരുത്തുന്നതിനും കർശന നിയന്ത്രണം കൊണ്ടുവരാൻ ആധാർ അതോറിറ്റിയുടെ തീരുമാനം. ആധാർ ഉപയോഗിച്ച് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയാനാണ് യുഐഡിഎഐയുടെ പുതിയ നടപടി. അപേക്ഷകൾ നൽക്കുന്ന സമയത്ത് രേഖകളിൽ വരുന്ന ചെറിയ മാറ്റങ്ങളും ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് യുഐഡിഎഐ അറിയിച്ചു.

ആധാർ കാർഡിലെ പേരിൽ വരുത്തുന്ന ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധമാണ്. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഈ നിയമം ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്എസ്എൽസി ബുക്ക്, പാസ്‌പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. എന്നാൽ പേരുതിരുത്താൻ പരമാവധി രണ്ടു അവസരം മാത്രമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല.

ഇനി മുതൽ ആധാർ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയൽ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേൽവിലാസത്തിന്റെ തെളിവ് ബാങ്കുരേഖയിൽ ലഭ്യമാണെന്നും ഇ-കെവൈസി പൂർണമാണെന്നും ശാഖാമാനേജർ സാക്ഷ്യപത്രം നൽകണം. ഇതിനൊപ്പം പൊതുമേഖലാ ബാങ്ക് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കും രേഖയായി വേണ്ടി വരുമെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.