‘മകനെ വിട്ടുകിട്ടാന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പണം നല്‍കി, സ്വാലിഹ് പറഞ്ഞത് പ്രകാരം പത്ത് ലക്ഷം രൂപയാണ് കൊടുത്തത്’; പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ വിട്ട് കിട്ടാന്‍ കുടുംബം സ്വര്‍ണക്കടത്ത് സംഘത്തിന് പണം കൈമാറിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജൂലൈ 30നാണ് സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപ നല്‍കിയത്. ഇര്‍ഷാദിനെ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെ ഈ തുക ദുബായില്‍ വച്ച് സുഹൃത്തുക്കള്‍ വഴി കൈമാറുകയായിരുന്നെന്നും പറഞ്ഞു.
പണം നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. മൃതദേഹത്തിന്റെ ഡി.എന്‍.എയും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എയും യോജിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നായിരുന്നു നാട്ടിലെത്തിയത്. ജൂലൈ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി. ജൂലൈ 22നാണ് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
summery: irshad’s relatives handed over ten lakh rupees to the gold smuggling gang to get irshad released