പന്തിരിക്കരയിലെ ഇര്‍ഷാദ് കൊലപാതക കേസ്: ഒരു വര്‍ഷം പിന്നിട്ടിട്ടും വിദേശത്തുള്ള പ്രതികളെ പിടികൂടാനാവാതെ പോലീസ്
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ ഇതുവരെയും പിടികൂടാനാവാതെ പോലീസ്. ഒന്നാം പ്രതി കൈതപ്പൊയില്‍ ചീനിപറമ്പില്‍ മുഹമ്മദ് സാലിഹ് (നാസര്‍), സഹോദരന്‍ രണ്ടാം പ്രതി ചീനിപറമ്പില്‍ ഷംനാദ്, മൂന്നാം പ്രതി താമരശ്ശേരി സ്വദേശി ഉവൈസ് എന്നിവരെയാണ് പിടികൂടാനുള്ളത്.
വിദേശത്തുളള ഇവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചിട്ടുളളത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷം റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കും. ഇതിനുശേഷമായിരിക്കും പ്രതികളെ മറ്റു രാജ്യങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു.
കഴിഞ്ഞ വര്‍ഷം ജൂലായ് 15-ന് വൈകീട്ട് പുറക്കാട്ടേരി പാലത്തിന് സമീപം എത്തിച്ച ഇര്‍ഷാദിനെ, നാലംഗസംഘം കാലവര്‍ഷത്തില്‍ ശക്തമായി ഒഴുകുന്ന പുഴയിലേക്ക് ചാടിക്കുകയാണ് ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
കേസില്‍ 12 പേരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കുറ്റപത്രം പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. ദുബായില്‍നിന്ന് മുഹമ്മദ് സ്വാലിഹ് കൊടുത്തുവിട്ട സ്വര്‍ണം 2022 മേയ് 13-ന് നാട്ടിലെത്തിയശേഷം മറ്റൊരാള്‍ക്ക് കൈമാറിയതിന്റെപേരില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഇർഷാദിനെ ക്വട്ടേഷൻ സംഘം പുഴയിൽ തള്ളിയിട്ടെന്ന വിവരം അന്വേഷണത്തിനിടെ പോലീസിന് ലഭിക്കുകയായിരുന്നു. തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്ന് ലഭിച്ച മൃതദേഹം ഡി.എൻ.എ. പരിശോധന നടത്തിയപ്പോഴാണ് മരിച്ചത് ഇർഷാദാണെന്ന് സ്ഥിരീകരിക്കാനായത്.
എന്നാല്‍ മേപ്പയ്യൂരില്‍ കാണാതായ ദീപക്കിന്റേതാണെന്ന് കരുതി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. പിന്നീട് ഈ വർഷം ആദ്യം ദീപക്കിനെ പോലീസ് കണ്ടെത്തുകയായിരുന്നു.