സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്‌കരിച്ചതിനും ഇടവരുത്തിയത് പൊലീസിന്റെ അനാസ്ഥയെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ്


പേരാമ്പ്ര: സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിന്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തിനും ഇടവരുത്തിയത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു സംഘം ഇര്‍ഷാദിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ഫോട്ടോ സഹിതം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പക്ഷെ പൊലീസ് തികഞ്ഞ നിസ്സംഗത പുലര്‍ത്തി. പ്രതികളുടെ പേരുവിവരം ഉള്‍പെടെ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്. സ്വര്‍ണക്കടത്തു സംഘത്തില്‍ നിന്ന് ഇര്‍ഷാദിന്റെ കുടുംബം നിരന്തരം ഭീഷണി നേരിടുകയും ചെയ്യുന്നു.

ഇര്‍ഷാദ് പുഴയില്‍ വീണു മരിക്കില്ലെന്നും അവന് നീന്തല്‍ നന്നായി വശമുണ്ടെന്നും പിതാവ് തറപ്പിച്ചു പറയുന്നു. തിക്കോടി കോടിക്കല്‍ കടപ്പുറത്തു കണ്ടെത്തിയ ജഢം ദീപകിന്റേതാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് വ്യഗ്രത കാട്ടി. ജഡം ദീപകിന്റെതാണെന്ന് അമ്മ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനു മുമ്പ് പല തവണ വീടു വിട്ടു പോയ ആള്‍ കൂടിയാണ് ദീപക്. മൃതദേഹം ദീപകിന്റെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ പൊലീസ് കാണിച്ച അനാവശ്യ ധൃതി സംശയമുണര്‍ത്തുന്നു.24 മണിക്കൂറിനകം ലഭ്യമാവുന്ന ഡി.എന്‍.എ ടെസ്റ്റിന് കാത്തു നില്‍ക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ ഒത്താശ ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ഇര്‍ഷാദിന്റെ കുടുംബത്തിന് തങ്ങളുടെ മകനെ മതാചാരപ്രകാരം സംസ്‌കരിക്കാനുള്ള അവകാശം നിഷേധിച്ചതില്‍ നിയമപാലകര്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചത്.

സ്വന്തം മകനെ അവസാനമായി ഒരു നോക്കു കാണാനുള്ള അവസരവും ലഭിച്ചില്ല. സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ പിണറായിയുടെ ഭരണത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ വിളയാട്ടം വര്‍ധിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ,വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര, സെക്രട്ടറി പി.ടി അഷ്റഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

summery: irshad issue perambra muslim leag press meet condected