”പതിനഞ്ച് കൊല്ലമായി ഞാന്‍ വീടിനുവേണ്ടി നടക്കുന്നു, ഇപ്രാവശ്യമെങ്കിലും എനിക്ക് വീട് കിട്ടണം” ലൈഫ് പദ്ധതിയിലെ ലിസ്റ്റില്‍ ക്രമക്കേടുണ്ട്; വീടില്ലാത്ത തനിക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നാളെ മുതല്‍ നിരാഹാരസമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി കക്കറമുക്ക് സ്വദേശിനി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയ്ക്കായി പുറത്തിറക്കിയ ലിസ്റ്റില്‍ ക്രമക്കേട് ആരോപിച്ച് പ്രതിഷേധവുമായി കക്കറമുക്ക് സ്വദേശിയായ യുവതി. പത്താംവാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷര്‍ലിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തമായി വീടില്ലാത്ത, ഷീറ്റ് മേഞ്ഞ കൂരയില്‍ താമസിക്കുന്ന തന്നെയും കുടുംബത്തെയും ലിസ്റ്റില്‍ പിന്തള്ളിയെന്ന് ഷര്‍ലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പഞ്ചായത്തിലെ പത്താംവാര്‍ഡിലെ ലൈഫ് പദ്ധതി ലിസ്റ്റില്‍ പന്ത്രണ്ടാമതാണ് ഷര്‍ലി. അഗധി, വിധവ, വികലാംഗര്‍, മാനസിക വൈകല്യമുള്ളവരുള്ള കുടുംബങ്ങള്‍ എന്നിവയാണ് ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം മുന്‍ഗണനയുള്ളത്. ഈ ക്ലേശമാനദണ്ഡങ്ങളില്‍പ്പെടാത്തവരുടെ പ്രായം പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇങ്ങനെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ തന്നെ പ്രായം കുറച്ചുകാട്ടിയതാണ് ലിസ്റ്റില്‍ പിന്നിലാകാന്‍ കാരണമെന്നാണ് ഷര്‍ലി ആരോപിക്കുന്നത്. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അപേക്ഷ സമയത്ത് നല്‍കിയിരുന്നു. ഈ രേഖകള്‍ പ്രകാരം 46 വയസായ തനിക്ക് 41 വയസ് എന്ന് തിരുത്തിയതാണ് ലിസ്റ്റില്‍ പിന്നിലാകാന്‍ ഇടയാക്കിയതെന്നാണ് ഷര്‍ലി പറയുന്നത്.

ഇതുസംബന്ധിച്ച് ഷര്‍ലി കലക്ടര്‍ക്ക് നേരിട്ടുകണ്ട് പരാതി നല്‍കിയിരുന്നു. വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ നാളെ മുതല്‍ പഞ്ചായത്തിനു മുന്നില്‍ നിരാഹാരസമരമിരിക്കുമെന്നാണ് ഷര്‍ലി പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഷര്‍ലിയും പത്തുവയസായ മകനും ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും വീട് അനുവദിച്ചുതരുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്നാണ് ഷര്‍ലി പറയുന്നത്. ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

‘ പഞ്ചായത്തില്‍ നിന്നും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ജനനതിയ്യതിയിലെ പിഴവ് എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പി നല്‍കിയാല്‍ മാറ്റിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. ക്ലേശഘടകങ്ങളില്‍ പെടാത്തതുകൊണ്ട്, വിധവയല്ല, മാനസിക രോഗിയല്ല, അറുപത് വയസിന് മുകളില്‍ പ്രായമില്ല, എന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഗവണ്‍മെന്റിനേ ചെയ്യാനാവൂ എന്നാണ് അവര്‍ പറഞ്ഞത്. അത് പോര, എനിക്ക് ഇപ്രാവശ്യം വീടുകിട്ടണം. പതിനഞ്ച് കൊല്ലമായിട്ട് വീട് കിട്ടാത്ത എനിക്ക് ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ ഈ ജന്മം കിട്ടില്ല.” ഷര്‍ലി പറഞ്ഞു.

ഈ വിഷയത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ.പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ലൈഫിന്റെ നടപടിക്രമങ്ങള്‍ പ്രകാരമാണ് ലിസ്റ്റ് തയ്യാറാക്കിയത്. ക്ലേശമാദണ്ഡങ്ങള്‍ അനുസരിച്ചാണ് മുന്‍പന്തിയില്‍ ആര് വരണമെന്ന് തീരുമാനിച്ചത്. മറ്റുള്ളവരുടെ കാര്യത്തില്‍ പ്രായമാണ് പരിഗണിച്ചത്. ഷര്‍ലിയുടെ പ്രായം ചേര്‍ത്തതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇത് അവര്‍ അപേക്ഷ നല്‍കുന്ന സമയത്ത് വന്ന പിഴവായിരിക്കാം. രേഖകള്‍ പരിശോധിച്ച് പിഴവ് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ പ്രായം തിരുത്തി അതിനനുസൃതമായി ലിസ്റ്റ് പുതുക്കും. പ്രായം ചേര്‍ത്തതില്‍ പിഴവ് വന്നതായി മറ്റുചില പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്. ഈ പരാതികളും പരിശോധിച്ചശേഷമാവും പുതിയ ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റില്‍ ഷര്‍ലി മുന്നിലേക്ക് വരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതിനപ്പുറം ഈ വിഷയത്തില്‍ പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലെന്നാണ് മോനിഷ പറയുന്നത്.