വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസിൽ അന്വേഷണം വഴിമുട്ടി; അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്ന് പരാതിക്കാരൻ, വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്ജി നല്കി
കോഴിക്കോട്: വടകര വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസില് അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന് വീണ്ടും ഹര്ജി നല്കി. അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്ജി നല്കിയത്. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമാണ് ഹര്ജി നല്കിയത്.
ഹൈക്കോടതി നിര്ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന പോലും ഇതുവരെ പൂർത്തിയായിട്ടില്ല.
കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേർത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.