വൃത്തിയാക്കാതെ വെള്ളം തുറന്നുവിടുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും; അയനിക്കാട് കനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കണമെന്ന് അരിക്കുളത്തെ ഐ.എന്‍.ടി.യു.സി


അരിക്കുളം: കുറ്റ്യാടി ജലസേചനപദ്ധതിയുടെ ശാഖ കനാലായ അയനിക്കാട് കനാല്‍ വെള്ളം തുറന്ന് വിടുന്ന മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തണമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാം ഇത് നടന്നിരുന്നു, എന്നാല്‍ ഈ വര്‍ഷം അന്വേഷിച്ചപ്പോള്‍ ഈ പ്രവൃത്തി തൊഴിലുറപ്പില്‍ നിന്ന് ഒഴിവാക്കിയതായി അറിയാന്‍ കഴിഞ്ഞെന്നും യോഗം വ്യക്തമാക്കി.

കനാലിന്റെ പല ഭാഗങ്ങളും കാട് മൂടി കിടക്കുകയാണ്. പല ഭാഗത്തും പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ പല മാല്യ ന്യങ്ങളും അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇത് വെള്ളം തുറന്ന് വിടുമ്പോള്‍ ഒഴുകി കടുത്ത പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കും. കടുത്ത വരള്‍ച്ചയില്‍ കനാല്‍ ജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. കനാല്‍ ശുചീകരിക്കാതെ വെള്ളം തുറന്ന് വിടുന്നത് ആരോഗ്യ പ്രശ്‌നവും ഉണ്ടാകും. ഇതിന് അടിയന്തിര പരിഹാരം അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു.

ശശിന്ദ്രന്‍ പുളിയതിങ്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ശ്രിധരന്‍ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. പി..കെ.കെ ബാബു, ജലീല്‍.കെ.എം.എ, രാജീവന്‍.കെ.പി.ഇബ്രാഹിം ഹാജി, കെ.പി.മുഹമ്മദ് എടച്ചേരി എന്നിവര്‍ സംസാരിച്ചു.