‘ദിനോസറിന്റെ മുട്ട’യ്ക്ക് അന്താരാഷ്ട്ര അംഗീകാരം; ക്യാമറയ്ക്ക് പിന്നില്‍ ചെമ്മരത്തൂര്‍ സ്വദേശി ഭവ്യ ബാബുരാജ്‌


ചെമ്മരത്തൂര്‍: രാജ്യാന്തര ശ്രദ്ധ നേടി കുടിയേറ്റത്തിന്റെ കഥ പറയുന്ന ‘ദിനോസറിന്റെ മുട്ട’ ഹ്രസ്വ ചിത്രം. കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ നിർമിച്ച ഹ്രസ്വ ചിത്രത്തിന്‌ ചെക്ക് റിപ്പബ്ലിക്കിലെ ‘യി ഫ്ലാവ’ രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക പുരസ്കാരമാണ് ലഭിച്ചത്‌.

ഹ്രസ്വ ചിത്രം രാജ്യാന്തര ശ്രദ്ധ നേടുമ്പോള്‍ ചെമ്മരത്തൂര്‍കാര്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ പിജി ഡിപ്ലോമ വിദ്യാർത്ഥിയായ വടകര ചെമ്മരത്തൂർ സ്വദേശി ഭവ്യ ബാബുരാജാണ് ചിത്രത്തിന്റെ മികച്ച ഫ്രെയിമുകള്‍ക്ക് പിന്നില്‍. കണ്ണോത്ത് ബാബുരാജിന്റെയും ലീനയുടെയും മകളാണ് ഭവ്യ.

പിജി ഡിപ്ലോമ വിദ്യാർത്ഥിയായ ശ്രുതിൽ മാത്യുവാണ് 18 മിനുട്ട് വരുന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍.1940കളിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റവും അവരുടെ ഭൂതകാലവും സാംസ്കാരിക പൈതൃകവുമാണ് പ്രമേയം. എസ്.എസ് സത്യാനന്ദ് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

എം.എസ് അഭിരാം ചിത്രസംയോജനം, മുഹമ്മദ് താമീര്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചു. അരവിന്ദ് നാരായണന്‍, വൈശാഖ് സോമനാഥ്, അജയ് ഗോവിന്ദ്, ശ്രീഹരി എസ്.കുമാര്‍, അമല്‍ ആലീസ് എന്നിവരാണ് ഒപ്പം പ്രവര്‍ത്തിച്ച മറ്റു സഹപാഠികള്‍. മുമ്പ് അഹമ്മദാബാദിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ കോമ അവാർഡ് ചിത്രത്തിന്‌ ലഭിച്ചിരുന്നു. റഷ്യയിലെ വിജിഐകെ രാജ്യാന്തര മേളയിൽ അടുത്തയാഴ്ച ചിത്രം പ്രദർശിപ്പിക്കും.

Description: International recognition for 'Dinosaur Egg'; Behind the camera is Chemmarathur native Bhavya Baburaj