വെള്ളത്തിലൂടെ തുഴഞ്ഞ് മറിയാന്‍ അവര്‍ വീണ്ടുമെത്തുന്നു; അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവെല്‍ ജൂലായ് 22 മുതല്‍
കോഴിക്കോട്: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ജില്ലയിലെ പ്രധാന ജലമത്സരമായ അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവെല്‍ ജൂലായ് 22 മുതല്‍ 24 വരെ നടത്താന്‍ തീരുമാനമായി. ടൂറിസംവകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് കയാക്കിങ് ഫെസ്റ്റിവെലിന്റെ തീയതി തീരുമാനിച്ചത്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ പരിപാടി വിപുലമായി നടത്താന്‍ യോഗം തീരുമാനിച്ചു.
പ്രത്യേകം തയ്യാറാക്കിയ ബോട്ടിലൂടെ കുത്തൊഴുക്കും പാറക്കല്ലുകളും ചുഴിയും നിറഞ്ഞ നദിയിലൂടെ നടത്തുന്ന റെയ്സാണ് കയാക്കിങ് എന്നു എളുപ്പത്തില്‍ പറയാം. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍ത്തുള്ളിപ്പാറ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് സാധാരണ കയാക്കിങ് സംഘടിപ്പിക്കുന്നത്.
കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ചെയര്‍മാനായി സംഘാടകസമിതി രൂപവത്കരിക്കും. യോഗത്തില്‍ ലിന്റോ ജോസഫ് എം.എല്‍.എ., കളക്ടര്‍, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ്, ഡി.ടി.പി.സി.യുടെ ജില്ലാപ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കോടഞ്ചേരി, കേരള ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. മനോജ്, യോഗത്തില്‍ പങ്കെടുത്തു.