നിലവിളക്കിന് പകരം കാണികളിലേക്ക് വെളിച്ചം തെളിച്ച് മുഖ്യമന്ത്രി; ചരിത്രനിമിഷത്തോടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി – വീഡിയോ കാണാം
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. നിലവിളക്കിന് പകരം കാണികളിലേക്കുള്ള സ്‌പോട്ട് ലൈറ്റ് തെളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത്തി ഏഴാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തത്.
ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐ.എഫ്.എഫ്.കെ വേദിയില്‍ പിന്തുണ അറിയിച്ചു. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.
ഇന്ന് മുതല്‍ 16 വരെയാണ് ചലച്ചിത്രമേള. ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിയാണ് വിശിഷ്ടാതിഥി. ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മറും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.
എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമ വിഭാഗത്തില്‍ 78 ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 12 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാവും.