ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്; കോഴിക്കോട് സ്വദേശി അടക്കം രണ്ട് മലയാളികൾകൂടി അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികൾ കൂടി അറസ്റ്റിലാകുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
ചൈനീസ് ആപ്പുകള്‍ വഴി ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈല്‍ ഡേറ്റ ഫോട്ടോകള്‍ സഹിതം കൈക്കലാക്കുകയും പിന്നീട് ഫോണിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ശേഷം വ്യക്തിപരമായി ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്താനും തുടങ്ങും.

ആദ്യം ചെറിയ തുകകള്‍ നല്‍കി, പിന്നീട് വലിയ തുകകള്‍ നല്‍കുന്നതാണ് ലോണ്‍ ആപ്പിന്റെ രീതി. ലോണ്‍ തുക കൂടുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വെച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തില്‍ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് സംഘം നടത്തിയത്.
ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാല് പേരെയാണ് ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തത്. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇ.ഡിയുടെ അറസ്റ്റ്.
Description: Instant Loan App Scam; Two more Malayalis arrested