വയോജനങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണം; ചെറുവണ്ണൂരില്‍ നിരപ്പം പാലീയേറ്റീവിന്റെ പരിശോധനാ ക്യാമ്പ്


ചെറുവണ്ണൂര്‍: നിരപ്പം പാലിയേറ്റീവിന്റെയും മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ വയോജനങ്ങള്‍ക്കായി പ്രഷര്‍, ഷുഗര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ നിന്നായി 60ഓളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു.

നിരപ്പം പാലീയേറ്റീവ് കെയര്‍ വയോജനങ്ങള്‍ക്കായി നടത്തി വരുന്ന ആരോഗ്യ സംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. പഞ്ചായത്തിലെ അറുപതോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു.

ജനകീയ ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റര്‍ വിപിന അരുണ്‍, ആശാ വര്‍ക്കര്‍ ഷീബ മോഹന്‍ എന്നിവരായിരുന്നു പരിശോധന നടത്തിയത്.

പാലിയേറ്റീവ് പ്രവര്‍ത്തകരായ കെ.എം നാരായണന്‍, എന്‍ കെ നാരായണന്‍മാസ്റ്റര്‍, മോഹനന്‍ ഇമയം, പി സി പ്രേമന്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.