2025ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; നിയമസഭയിൽ മറുപടിനൽകി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്


കുറ്റ്യാടി: കുറ്റ്യാടി മണിമലയിലെ വ്യവസായ പാർക്കിലെ അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ഒന്നാം ഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച് 2025 ജൂണിൽ വ്യവസായങ്ങൾക്ക് സ്ഥലം അനുവദിച്ചു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മണിമലയിലെ നാളികേര പാർക്ക് പ്രവൃത്തി പുരോഗതി സംബന്ധിച്ച് കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

മണിമല നാളികേര പാർക്ക് ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചേക്കർ ഭൂമിയിലുള്ള മരങ്ങളുടെ മൂല്യനിർണയം പൂർത്തീകരിച്ച് മരം മുറിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ആദ്യ ടെൻഡറിൽ കരാറുകാരെ ലഭിക്കാത്തതിനാൽ പുതുക്കിയ രണ്ടാം ടെൻഡർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിലുള്ള വ്യവസായ പ്ലോട്ടിലേക്ക് കടക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യമായ റോഡ്, ഓവുചാൽ ഇവയാണ് നിർമ്മിക്കുന്നത് . വൈദ്യുതി വിതരണത്തിന് ഉള്ള പ്രവർത്തികൾ കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പാർക്കിൽ പുരോഗമിച്ചു വരുന്നു.

നിലവിലുള്ള സ്ഥലത്തിന്റെ ലഭ്യതയും അതിലേക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളും കൂടാതെ സർക്കാർ ഉത്തരവ് മുഖേന പ്രസിദ്ധപ്പെടുത്തിയ ഏകീകൃത ഇൻഡസ്ട്രിയൽ ലാൻഡ് അലോട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച് കെ.എസ്.ഐ.ഡി.സി രൂപീകരിച്ചിട്ടുള്ള പ്രൈസിങ് കമ്മിറ്റി തീരുമാനിക്കുന്ന രീതിയിലുള്ള സ്ഥലവില അനുസരിച്ച് സ്ഥലം സംരംഭകർക്ക് അനുവദിച്ചു നൽകുവാൻ കഴിയുന്നതാണ് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Summary: Industries to start in Kuttyadi Manimala in 2025; Industry Minister P. Rajeev replied in the Assembly