പരിമിതികളെ മറികടന്ന് പറന്നുയരാൻ ഊർജമേകി അവരെത്തി; സെറിബ്രൽ പാൾസി ബാധിച്ച അഭിനവ് സജീവനൊപ്പം സ്വാതന്ത്ര്യ ദിനമാഘോഷിച്ച് പന്തിരിക്കര ബാലസംഘം മേഖല കമ്മിറ്റി


പേരാമ്പ്ര: അഭിനവ് സജീവന് പുത്തൻ പ്രതീക്ഷകൾ നൽകി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പന്തിരിക്കര ബാലസംഘം മേഖല കമ്മിറ്റി. സെറിബ്രൽ പാൾസി ബാധിച്ച് ചലന, സംസാര പരിമിതികൾ നേരിടുന്ന കവുങ്ങുളളചാലിൽ അഭിനവിനെ ചേർത്തുപിടിക്കുകയാണ് ബാലസംഘം പ്രവർത്തകർ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനവിന് വിദ്യാലയത്തിൽ പോകാനോ ഔപചാരിക വിദ്യാഭ്യാസം നേടാനോ കഴിഞ്ഞിട്ടില്ല.

സാമൂഹിക ബന്ധം കുറവായ, പൂർണ്ണമായും പരസ്സഹായം ആവശ്യമായ കുട്ടികളെ അവരുടെ വീടുകളിൽ ചെന്നുകണ്ട് ആഘോഷങ്ങളിൽ പങ്കാളികളാക്കുക എന്ന ബാലസംഘം മേഖലാ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇത്തരമൊരാഘോഷം സംഘടിപ്പിച്ചത്.

ഏരിയാ സെക്രട്ടറി സാഞ്ചൽ.എസ്.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി നിഹാരിക ഷാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഭിനവ് സജീവൻ പതാകയുയർത്തി. സുരേഷ്.വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കെ.വി.കുഞ്ഞിക്കണ്ണൻ, പി.എം.കുമാരൻ, അക്കാദമിക് കൺവീനർ ജി.രവി, മേഖലാ കൺവീനർ സുജീപ്.കെ.വി, പി.സി.ലെനിൻ, പി.സി.സന്തോഷ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ വരുൺ.പി.കെ സ്വാഗതവും മേഖല കോഡിനേറ്റർ അമൃത് ലാൽ നന്ദിയും പറഞ്ഞു.