ടിക്കറ്റ് ബുക്കിങ്ങ്, ഇ-കാറ്ററിങ് ഫുഡ് തുടങ്ങി റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒറ്റ ആപ്പിൽ; ‘സൂപ്പര്‍ ആപു’മായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി ആപ്പില്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് വരെ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ അഥവാ ‘സൂപ്പര്‍ ആപ്’ ല്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
ആപ്പ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും സാധിക്കും. കൂടാതെ ഐആര്‍സിടിസി റെയില്‍ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആര്‍സിടിസി ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയില്‍ മദദ് (ഫീഡ്ബാക്കിന്), റിസര്‍വ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിന്‍ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.
ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും ആപ്പിന്റെപ്രവര്‍ത്തനം. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയായും സൂപ്പര്‍ ആപ്പിനെ ഉപയോഗപ്പെടുത്തും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.
Description: Indian Railways is about to introduce train tickets in the app