റേഷൻ വിതരണം മുടങ്ങും; റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ


തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. ഇതോടെയാണ്, തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷന്‍ സംഘടന പ്രതിനിധികള്‍ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.

അതേസമയം റേഷന്‍കടയുടമകളുടെ സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാല്‍ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്.

Description: Indefinite strike of ration traders from today