നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതർ 18
നാദാപുരം: നാദാപുരത്തെ കുട്ടികളിൽ അഞ്ചാംപനി വ്യാപന നിരക്ക് കൂടുന്നു. ഇന്നലെ ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒന്ന്, രണ്ട്, നാല്, 11, 18 വാർഡുകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ 6, 7, 19 വാർഡുകളിലായിരുന്നു രോഗബാധ. നിലവിൽ ആകെ 18 പേർക്കാണ് പഞ്ചായത്തിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽപേർക്ക് അസുഖം ബാധിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.
അഞ്ചാം പനിക്കെതിരെ വാക്സിൻ എടുക്കാത്ത 340 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. ഇവരിലാണ് രോഗം കണ്ടെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിൻ എടുക്കാത്ത മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നടക്കുന്നത് പുരോഗമിക്കുകയാണ്. 65 പേർ വാക്സിൻ സ്വീകരിച്ചു. ബാക്കിയുള്ളവരുടെ കുത്തിവയ്‌പ് വൈകിയാൽ രോഗവ്യാപന തോത് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അഞ്ചാംപനി സ്ഥിരീകരിച്ച വാർഡുകളിലെ അംഗനവാടികളുടെയും സ്കൂളുകളിലെയും കുട്ടികളെ നിരീക്ഷിക്കാൻ തീരുമാനിച്ചതായി അധികൃത അറിയിച്ചു. രോഗികളെ കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ബോധവത്കരണവും പ്രതിരോധ പ്രവർത്തനവും നടത്തുന്നുണ്ട്. കുത്തിവയ്‌പെടുക്കാൻ പഞ്ചായത്തിൽ നാലിടങ്ങളിലാണ് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയത്.
Summary: Increase in the number of measles cases in Nadapuram; Six more people have tested positive for the disease