വൈദ്യുതി നിരക്ക് വര്‍ധനവ്; ഇനി മുതല്‍ സര്‍ചാര്‍ജ് ഉള്‍പ്പെടെ യൂണിറ്റിന് അധികം നല്‍കേണ്ടിവരിക 36 പൈസ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. യൂണിറ്റിന്റെ പൈസയ്‌ക്കൊപ്പം 19 പൈസ സര്‍ച്ചാര്‍ജുംകൂടി നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. സര്‍ച്ചാര്‍ജ് കണക്കാക്കാതെയാണ് എല്ലായ്‌പ്പോഴും നിരക്ക് കൂട്ടുന്നത്. ഈ വര്‍ഷം യൂണിറ്റിന് 16-ഉം അടുത്ത രണ്ടുവര്‍ഷത്തേക്ക് 12 പൈസയും വര്‍ധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചത്. എന്നാലിത് ഫലത്തില്‍ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടല്‍.
വ്യാഴാഴ്ചയാണ് നിരക്കു വര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ വീടുകളിലെ വൈദ്യുതി ബില്ലില്‍ പതിനാല് രൂപ മുതല്‍ 300 രൂപവരെ വര്‍ധനയുണ്ടാകും. സര്‍ചാര്‍ജും പത്ത് ശതമാനം ഡ്യൂട്ടിയും കൂടാതെയാണിത്.
കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജിലൂടെ ഈടാക്കുന്നത്. അടുത്തമാസവും സര്‍ച്ചാര്‍ജ് ഒഴിവാകില്ല. കെ.എസ്.ഇ.ബി. ചുമത്തുന്ന പത്തുപൈസ തുടരാനാണ് സാധ്യത.
ഈ വര്‍ഷം ഏപ്രില്‍മുതല്‍ ജൂലായ് വരെ വൈദ്യുതി വാങ്ങാന്‍ 37 കോടി അധികം ചെലവിട്ടത് പിരിച്ചെടുക്കാന്‍ ഡിസംബറില്‍ യൂണിറ്റിന് 17 പൈസകൂടി സര്‍ച്ചാര്‍ജ് അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇതുവരെ റെഗുലേറ്ററി കമ്മിഷന്‍ പരിഗണിച്ചിട്ടില്ല. കമ്മിഷന്‍ തീരുമാനിക്കുന്നമുറയ്ക്ക് അതും നല്‍കേണ്ടിവരും.
Description: Increase in electricity rates; 36 paise more per unit including surcharge henceforth