നാല് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: കണ്ണൂരില്‍ പോക്‌സോ കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവും 2.70ലക്ഷം രൂപ നഷ്ടപരിഹാരവും
തളിപ്പറമ്പ്: അഞ്ച് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. പെരിങ്ങോം ആലപ്പടമ്പ് ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരിവരെ സ്‌കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. അഞ്ച് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നെങ്കിലും നാലു കേസുകളിലാണ് ഗോവിന്ദന്‍ ശിക്ഷിക്കപ്പെട്ടത്. ഒരു കുട്ടി കൂറുമാറിയിരുന്നു.
ശിക്ഷിക്കപ്പെട്ട നാലുകേസുകളില്‍ മുന്നെണ്ണത്തില്‍ പോക്‌സോ, ബാലനീതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളിലെ നാലു വകുപ്പുകളും നാലാമത്തേതില്‍ മൂന്നുവകുപ്പുകളും പ്രകാരമാണ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. മൂന്ന് കേസില്‍ മൂന്നുവകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം വീതവും മറ്റൊരു വകുപ്പ് പ്രകാരം ആറുമാസവുമാണ് ശിക്ഷ. നാലാമത്തെ കേസില്‍ രണ്ടുവകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം വീതവും മറ്റൊരു വകുപ്പ് പ്രകാരം ആറുമാസവും ശിക്ഷവിധിച്ചു. ഇങ്ങനെ മൊത്തത്തിലാണ് 79 വര്‍ഷം തടവ്. എന്നാല്‍ പ്രതി ഏഴുവര്‍ഷം മാത്രം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഓരോ വകുപ്പിലെയും ശിക്ഷ മൊത്തത്തില്‍ അനുഭവിച്ചാല്‍ മതിയെന്നതുകൊണ്ടാണിത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂള്‍ പ്രധാനാധ്യാപിക, ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള അധ്യാപിക എന്നിവരെ പ്രതിചേര്‍ത്തിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതേവിട്ടിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്‌മാനാണ് വിധി പറഞ്ഞത്.