നൊച്ചാട് ചേനോളിയിൽ ചെങ്കൽ ഗുഹ കണ്ടെത്തിയ സംഭവം; മൂന്നാമത്തെ അറയും തുറന്ന് പരിശോധിച്ചു, ഡോക്യുമെന്റേഷൻ വ്യാഴാഴ്ച വരെ തുടരും
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ കണ്ടെത്തിയ ചെങ്കൽഗുഹയ്ക്കുള്ളിലെ മൂന്നാമത്തെ അറയും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ തുറന്നു പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, അസ്ഥികൾ എന്നിവയാണ് ഇവയിൽ നിന്നെല്ലാം ലഭിച്ചത്. ഒരു കൽബെഞ്ചും കൊത്തിയുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച വരെ ഡോക്യുമെന്റേഷൻ തുടരും. പിന്നീട് പുരാവസ്തുക്കൾ ഈസ്റ്റ്ഹില്ലിലെ മ്യൂസിയത്തിലേക്ക് കൊണ്ടുപോകും.
ചേനോളി കളോളിപ്പൊയിലിൽ ഒറ്റപ്പുരയ്ക്കൽ സുരേന്ദ്രന്റെ വീട്ടു വളപ്പിൽ ശുചിമുറിക് കുഴിയെടുക്കുമ്പോഴാണ് ചെങ്കൽഗുഹ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം ഒന്നരമീറ്ററോളം കുഴിയെടുത്ത ശേഷമാണ് ഗുഹ കണ്ടത്. 2000 മുതൽ 2500 വർഷം പഴക്കം ഗുഹയ്ക്കുണ്ടെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.