വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം; അപകടത്തിന് കാരണം ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം


വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ യുവാക്കള്‍ മരിച്ചതിന്‌ പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് സൂചന. ഇന്ന് നടത്തിയ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയിൽ വാഹനത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. എൻഐടി വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധ.

വാഹനത്തിലെ അടച്ചിട്ട അറയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്നാണ്‌ നിഗമനം. വിഷവാതകത്തിൻ്റെ തോത് 400 പോയിൻറ് കടന്നാൽ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും 400 പോയിൻ്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം കാരവാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരവാനില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാവാം വിഷവാതകം വന്നതെന്നാണ് നിഗമനം. ഇതെങ്ങിനെ കാരവാനിനകത്ത് എത്തിയെന്ന് കണ്ടെത്താനാണ് ഇന്ന് പരിശോധന നടത്തിയത്‌.

ഡിസംബര്‍ 23 നായിരുന്നു സംഭവം. വിവാഹ സംഘത്തിനൊപ്പം കണ്ണൂരില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. രാത്രി വൈകി കരിമ്പനപ്പാലത്തെത്തിയപ്പോള്‍ റോഡരികില്‍ വാഹനം നിര്‍ത്തി എ.സിയിട്ട് വാഹനത്തിനുളളില്‍ വിശ്രമിക്കുകയായിരുന്നു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഒരു രാത്രിയും പകലുമാണ് ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കാള്‍ മരിച്ച് കിടന്നത്.

Description: Incident of death of youth in caravan; It was concluded that the cause of the accident was toxic gas from the generator