കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ മൂന്നുപേര്‍ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനവിരണ്ടോടിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരണപ്പെട്ട സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് ഭാരതീയ ന്യായ സംഹിത 194 പ്രകാരമാണ് കേസെടുത്തത്. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരാണ് മരണപ്പെട്ടത്.
വിരണ്ടോടുന്നതിനിടെ ആന തട്ടി ഓഫീസ് കെട്ടിടം തകര്‍ന്നുവീണ് പരിക്കുപറ്റിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ഇന്നലെ വൈകീട്ടോടെയായിരുന്നു ആന വിരണ്ടോടിയതും മരണങ്ങള്‍ സംഭവിച്ചതും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്. പരിക്കേറ്റവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.