കല്ലാച്ചിയിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ


നാദാപുരം: കല്ലാച്ചിയിൽ ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ പോലീസ് പിടികൂടി. ചിയ്യൂര്‍ താനമഠത്തില്‍ ഫൈസൽ ആണ് അറസ്റ്റിലായത്.

ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിയെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് വിവരം. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയാണ് പ്രതി ചിരവ കൊണ്ട് കുത്തി പ്പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ നരിപ്പറ്റ കിണറുള്ള പറമ്ബത്ത് ഷംനക്ക് ഇടത് വയറിലും കൈക്കും പരിക്കേറ്റിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടനെ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷംന ആശുപത്രിയില്‍ ചികിത്സയിലാണ്. ഷംന അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. യുവതിയുടെ പേരിലുള്ള സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ നിരന്തരം ഷംനയെ ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫൈസലിന്റെ പേരില്‍ വധശ്രമത്തിന് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Summary: Incident of attempted stabbing of pregnant wife in Kalachi; Accused arrested at Mumbai airport while trying to cross abroad