പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; പ്രതികളുമായി പോലീസ് തെളിവെടുത്തു, അക്രമിക്കാനുപയോഗിച്ച ആയുധം കണ്ടെടുത്തു


വടകര: പുത്തൂരില്‍ റിട്ട.പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളില്‍ വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ്(49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (442) എന്നിവരെ തെളിവെടുപ്പിന് എത്തിച്ചു.

ഇവര്‍ രണ്ടുപേരുമാണ് അക്രമണത്തിന് ശേഷം ആയുധം ഒളിപ്പിച്ചത്. അക്രമണം നടത്തിയ പുത്തൂര്‍ 110കെവി സബ് സ്റ്റേഷന് സമീപത്തെ പാറേമ്മല്‍ രവീന്ദ്രന്റെ വീട്, എന്‍സി കനാലിന്റെ അക്ലോത്ത് നടഭാഗം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. രവീന്ദ്രനെ അക്രമിക്കാനുപയോഗിച്ച രണ്ട് പട്ടിക പ്രതികള്‍ എന്‍സി കനാലില്‍ നിന്ന് പോലീസിന് എടുത്തുകൊടുത്തു.

പ്രതികളെ അഞ്ച് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. രണ്ട് ദിവസത്തേക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. വടകര എസ്.ഐം എം.സി പവനന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ മുഖ്യപ്രതിയായ സുര്‍ജിത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.

നവംബര്‍ 4 തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി രവീന്ദ്രനെ അക്രമിച്ചത്‌. അക്രമം തടയാനെത്തിയ മകനും പരിക്കേറ്റിരുന്നു. തുടര്‍ന്ന്‌ രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ ആകാശിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച രണ്ടുപേരും മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളുമാണ് തന്നെ അക്രമിച്ചതെന്ന് രവീന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ നല്‍കിയ മനോഹരന്‍, ക്വട്ടേഷന്‍ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. മനോഹരനും രവീന്ദ്രനും തമ്മില്‍ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ മനോഹരന്‍ രവീന്ദ്രനെതിരെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.

Description:Incident of attack on retired postman in Puthur; Investigation has been intensified for the main accused